പരതൂർ സ്കൂൾ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

  1. Home
  2. Kerala

പരതൂർ സ്കൂൾ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

palakkad


പാലക്കാട് തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. വെടിയേറ്റ കുട്ടിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പൊലീസ് ശേഖരിക്കും. പരിക്കേറ്റ വിദ്യാർത്ഥി ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും, നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോക്ക് സൂക്ഷിച്ചതിന് വീട്ടുകാർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയിൽ നിന്ന് പിടിച്ചെടുത്തത് പ്രവർത്തനക്ഷമമായ 0.22 റിവോൾവറാണെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്കാണിതെന്നും ഇതിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇത് എങ്ങനെയാണ് കുട്ടിയുടെ കൈവശം എത്തിയതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം, സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും.