മമ്മൂട്ടിയോടു വയനാട്ടിലേക്കു പോകാൻ പറഞ്ഞു, ലാൽ ഉടൻ ഇങ്ങോട്ട് വരേണ്ട; നർമം നിറഞ്ഞ സമാന്തര സമ്മേളനം

  1. Home
  2. Kerala

മമ്മൂട്ടിയോടു വയനാട്ടിലേക്കു പോകാൻ പറഞ്ഞു, ലാൽ ഉടൻ ഇങ്ങോട്ട് വരേണ്ട; നർമം നിറഞ്ഞ സമാന്തര സമ്മേളനം

niyamasabha


പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് രണ്ട് പക്ഷമായി തിരിഞ്ഞ് സമാന്തര സമ്മേളനം നടത്തുന്നതിനും ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചു.
പിന്നാലെ അരങ്ങേറിയത് നർമം നിറഞ്ഞ സംഭവങ്ങൾ. ബ്രഹ്‌മപുരം വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ റോളിൽ സണ്ണി ജോസഫ് ഇങ്ങനെ മറുപടി നൽകി : '' 3 നടപടികളാണു സർ, ഞാൻ സ്വീകരിച്ചത്. കൊച്ചിയിലെത്തിയ മമ്മൂട്ടിയോടു വയനാട്ടിലേക്കു പോകാൻ പറഞ്ഞു. ജയ്പുരിലായിരുന്ന മോഹൻലാലിനോടും ദുബായിലായിരുന്ന എം.എ.യൂസഫലിയോടും ഇങ്ങോട്ടു വരേണ്ടെന്നു പറഞ്ഞു.'' 

കൊച്ചി കോർപറേഷനിൽ യുഡിഎഫ് അംഗങ്ങളെ മർദിച്ചതു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന കോൺഗ്രസിലെ റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം സമാന്തര സമ്മേളനം ചേർന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

സഭാ അദ്ധ്യക്ഷനെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം സാങ്കൽപ്പികമായി അവതരിപ്പിച്ച് സമാന്തര സഭ കൊഴുത്തു. ഭരണപക്ഷ അംഗങ്ങൾ പ്രസംഗിക്കുന്നതിനിടെ, തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രതിപക്ഷാംഗങ്ങൾ സമാന്തര സഭയിൽ പ്രസംഗിച്ചു. സ്പീക്കർ തള്ളിയ അടിയന്തര പ്രമേയ നോട്ടീസ് റോജി എം ജോൺ അവതരിപ്പിച്ചതിന് പിന്നാലെ സമാന്തരസഭയിൽ അതേക്കുറിച്ച് ചർച്ച തുടങ്ങി. ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിൽ സർക്കാരിനുണ്ടായ വീഴ്ചകളും കോടികളുടെ അഴിമതികളുമെല്ലാം പ്രതിപക്ഷാംഗങ്ങൾ സമാന്തര സഭയിൽ അവതരിപ്പിച്ചു. ന്യായീകരിക്കാനെത്തിയ 'ആഭ്യന്തര മന്ത്രി ' സണ്ണി ജോസഫിനെ സമാന്തര സഭയിലെ പ്രതിപക്ഷാംഗങ്ങൾ കൂക്കിവിളിച്ചും ബഹളം വച്ചും നാണംകെടുത്തി.