എയർ എംബോളിസത്തേക്കുറിച്ച് പ്രതിക്ക് അറിവുണ്ടായിരുന്നു; അരുണും അനുഷയും വേറെ വിവാഹം കഴിച്ചതിന് കാരണം വീട്ടുകാരുടെ എതിർപ്പ്

  1. Home
  2. Kerala

എയർ എംബോളിസത്തേക്കുറിച്ച് പ്രതിക്ക് അറിവുണ്ടായിരുന്നു; അരുണും അനുഷയും വേറെ വിവാഹം കഴിച്ചതിന് കാരണം വീട്ടുകാരുടെ എതിർപ്പ്

anusha


സുഹൃത്തിന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അനുഷയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാവേലിക്കര സബ്ജയിലിലേക്കാണ് ഇവരെ മാറ്റുക. അനുഷ കൊലപ്പെടുത്താൻ ശ്രമിച്ച സ്‌നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനുഷയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യഹർജി തിങ്കളാഴ്ച വാദം കേൾക്കാനായി മാറ്റിവെച്ചു.

എയർ എംബോളിസത്തിലൂടെ മരണം സംഭവിക്കാമെന്ന അറിവോടെ അനുഷ പ്രവർത്തിച്ചെന്ന ആരോപണമാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. വൈദ്യശാസ്ത്രപരമായി അറിവുള്ള, ഡി ഫാം കോഴ്‌സ് പഠിച്ചിട്ടുള്ളയാളാണ് അനുഷ എന്നത് ഇതിനുള്ള പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. ചികിത്സയിൽ കഴിയുന്ന യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നഴ്‌സെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിൽ കടന്നാണ് ഇവർ പ്രവർത്തിച്ചത്. അനുഷയും സ്‌നേഹയുടെ ഭർത്താവും തമ്മിലുള്ള അടുപ്പമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാമുകൻ അരുണിന്റെ ഭാര്യയായ സ്‌നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും  അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്.  ഇവർ തമ്മിൽ സ്ഥിരമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. 

അനുഷയ്‌ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു  നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.  

അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ഈ വിവാഹത്തിൽ അരുണും സ്‌നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്‌നേഹം അറിയിക്കാനുള്ള  മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.