'പരുതൂർ സ്‌കൂൾ വെടിവെപ്പ് അബദ്ധമല്ല, കരുതിക്കൂട്ടിയുള്ള ആക്രമണം'; വിവാദപരാമർശവുമായി ടി.എം. ശശി എം.എൽ.എ

  1. Home
  2. Kerala

'പരുതൂർ സ്‌കൂൾ വെടിവെപ്പ് അബദ്ധമല്ല, കരുതിക്കൂട്ടിയുള്ള ആക്രമണം'; വിവാദപരാമർശവുമായി ടി.എം. ശശി എം.എൽ.എ

sasi


പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സ്കൂളിലേക്ക് തോക്ക് കൊണ്ടുവന്നതും സഹപാഠിയെ വെടിവെച്ചതും അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് ടി.എം. ശശി എം.എൽ.എ. പഴമ്പാലക്കോട് നടന്ന ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് എം.എൽ.എയുടെ ഈ വിവാദ വെളിപ്പെടുത്തൽ. തോക്ക് കൊണ്ടുവന്ന കുട്ടിയും വെടിയേറ്റ കുട്ടിയും തമ്മിൽ ആഴ്ചകളായി തർക്കത്തിലും പിണക്കത്തിലുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ മുത്തച്ഛന്റെ തോക്ക് ഉണ്ടെന്നും അതെടുത്ത് കൊണ്ടുവന്ന് ഉപയോഗിക്കുമെന്നും കുട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും, അങ്ങനെയാണ് തോക്ക് കൊണ്ടുവന്ന് വെടിവെച്ചതെന്നും എം.എൽ.എ വ്യക്തമാക്കി. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും എം.എൽ.എ ആവർത്തിച്ചു.

സുഹൃത്തുക്കളെ കാണിക്കാനാണ് കുട്ടി വീട്ടിലെ പഴയ തോക്ക് കൊണ്ടുവന്നതെന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നുമാണ് പൊലീസും സ്കൂൾ അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് നേരെ വിരുദ്ധമായ വാദമാണ് എം.എൽ.എ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്, ഈ വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വീടുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പുതിയ തലമുറയ്ക്ക് തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് ടി.എം. ശശി സംസാരിച്ചു തുടങ്ങിയത്. പണ്ട് വീടുകളിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നപ്പോൾ അവർ പരസ്പരം വിട്ടുവീഴ്ച ചെയ്തും തോറ്റും സഹകരിച്ചും മുന്നോട്ട് പോയിരുന്നു, എന്നാൽ ഇന്ന് കുട്ടികൾക്ക് തോൽക്കാൻ മനസ്സില്ലാതായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മുത്തശ്ശനെ കൊല്ലാൻ 13-കാരി ക്വട്ടേഷൻ കൊടുത്തതും അത് വീഡിയോ കോളിലൂടെ കാണണമെന്ന് പറഞ്ഞതും ഇതിന് ഉദാഹരണമായി എം.എൽ.എ എടുത്തുപറഞ്ഞു.

സ്കൂളുകളിലെ വെടിവെപ്പ് സംഭവങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിരുന്നതാണെന്നും, എന്നാൽ അത് കേരളത്തിലും തൊട്ടടുത്ത പട്ടാമ്പിയിലും സംഭവിക്കുന്നത് കാണേണ്ടി വന്നുവെന്നും എം.എൽ.എ പറഞ്ഞു. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ എം.എൽ.എ നടത്തിയ ഈ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.