മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിട്ടു. രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദ്ദേശം. രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശമുണ്ട്
കഴിഞ്ഞ വർഷം ജൂലൈ 13-നാണ് സംഭവമുണ്ടായത്.ചികിത്സയ്ക്ക് എത്തിയ പോങ്ങുമ്മൂട് സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്.നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാൾ. 42 മണിക്കൂറാണ് രോഗി ലിഫ്റ്റിൽ കുടുങ്ങി കിടന്നത്. അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്.
രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
