'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം': രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന്റെ അടിത്തറ തകർക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളിൽ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ഔദ്യോഗിക രേഖകൾ സഹിതം തെളിഞ്ഞതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 2023–25 കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരണപ്പെട്ട 6 പേരിൽ ഒരാൾ പോലും മെഡിക്കൽ കോളജിൽ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം ഭരണപാളിച്ചകളും അനാസ്ഥകളും മൂടിവെക്കാൻ ഇല്ലാത്തൊരു നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ജീവത്യാഗത്തെയും ലോകം അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും അപമാനിക്കുന്ന നിലപാടാണ് മന്ത്രിയുടേത്. സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാൻ പൊതുജനാരോഗ്യ സംവിധാനങ്ങളെ അപകീർത്തിപ്പെടുത്തുന്ന ശൈലി കേരളം അംഗീകരിക്കില്ലെന്നും മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
