പരീക്ഷയെഴുതാൻ അനുമതി വേണം; കാലടി സർവകലാശാലാ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്

  1. Home
  2. Kerala

പരീക്ഷയെഴുതാൻ അനുമതി വേണം; കാലടി സർവകലാശാലാ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്

kalady


പരീക്ഷയെഴുതാൻ അനുമതി ആവശ്യപ്പെട്ട് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ അടിയന്തരമായി പരമോന്നത കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയത്. മതിയായ ഹാജരില്ലാത്ത സാഹചര്യത്തിൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സർവകലാശാലാ വൈസ് ചാൻസലർ സിസ തോമസും സർവകലാശാലയും നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി. ആവശ്യമായ ഹാജരില്ലെന്നും സൂപ്പർ ഫൈനോടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി അവസാനിച്ചെന്നും സർവകലാശാല കോടതിയെ അറിയിച്ചിരുന്നു. പരീക്ഷകൾ നാളെ മുതൽ ആരംഭിക്കാനിരിക്കെ ഡിവിഷൻ ബെഞ്ച് ഉത്തരവ് തിരിച്ചടിയായതോടെയാണ് സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാത്ത അവസ്ഥ വന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 13-ന് സർവകലാശാല സിൻഡിക്കറ്റ് യോഗത്തിനിടെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. രണ്ട് മാസം പിന്നിട്ടിട്ടും സസ്‌പെൻഷൻ പിൻവലിച്ചിരുന്നില്ല. സസ്‌പെൻഷനിലായവരിൽ 10 വിദ്യാർഥികൾക്കാണ് നിലവിൽ പരീക്ഷയെഴുതാനുള്ളത്. വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം വ്യക്തമാക്കിയെങ്കിലും പരീക്ഷാ തടസ്സം നീങ്ങിയിട്ടില്ല.