'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ അനുമതി തേടുന്നത് കേരളത്തിൽ മാത്രം': മന്ത്രി റോജി എം. ജോൺ

  1. Home
  2. Kerala

'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ അനുമതി തേടുന്നത് കേരളത്തിൽ മാത്രം': മന്ത്രി റോജി എം. ജോൺ

roji m john


എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകളിൽ സർക്കാരിന്റെ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകിയ തീരുമാനത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും അക്കാദമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നത് കോഴ്‌സുകൾ തുടങ്ങുന്നതിൽ വലിയ കാലതാമസമുണ്ടാക്കുന്നുണ്ടെന്നും ഇത് അക്കാദമിക് തത്വത്തെ തന്നെ അട്ടിമറിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്‌സുകളിൽ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻപ് അഴിമതി നടത്തി ശീലമുള്ളതുകൊണ്ടാണ് ചിലർക്ക് അങ്ങനെ തോന്നുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഈ തീരുമാനം സർക്കാർ കോളേജുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ / എയ്ഡഡ് എയ്ഡഡ് കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തുടരുമെന്നും അറിയിച്ചു. യു.ജി.സി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വിദ്യാർത്ഥികളെ സംസ്ഥാനത്ത് തന്നെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് പ്രകാരം ഓട്ടോണമസ് കോളേജുകൾക്ക് സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ ഇനി എൻ.ഒ.സി ആവശ്യമില്ല, പകരം സർക്കാരിനെ അറിയിച്ചാൽ മതിയാകും.