മാനത്തെ 'ഉൽക്കമഴ' നാളെ രാത്രി; കാണാൻ ആഗ്രഹിക്കുന്നവർ ഈ സമയം പുറത്തിറങ്ങുക

  1. Home
  2. Kerala

മാനത്തെ 'ഉൽക്കമഴ' നാളെ രാത്രി; കാണാൻ ആഗ്രഹിക്കുന്നവർ ഈ സമയം പുറത്തിറങ്ങുക

ulka


കാർമേഘങ്ങളും മഴയുമില്ലെങ്കിൽ നാളെ ആകാശത്ത് 'ശബ്ദരഹിത' വെടിക്കെട്ട്കാണാം. വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പെർസീഡ് ഉൽക്കമഴ (Perseid meteor shower) ഇത്തവണ ഓഗസ്റ്റ് 12നാണ് ദൃശ്യമാകുന്നത്. മിന്നിത്തിളങ്ങി ഉൽക്കകൾ ആകാശത്തിലൂടെ പായുന്ന കാഴ്ച നാളെ അർദ്ധ രാത്രി 12 മണിമുതൽ ഓഗസ്റ്റ് 13 രാവിലെ മൂന്ന് മണിവരെ ദൃശ്യമാകും.

ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന 'ന്യൂ മൂൺ' സമയത്താണ് ഇത് നടക്കുന്നത്. ബൈനോക്കുലറോ ടെലസ്‌കോപ്പോ കണ്ണടയോ ഇല്ലാതെ നഗ്‌നനേത്രങ്ങളാൽ ഇത് വ്യക്തമായി കാണാൻ കഴിയും. ഇന്ത്യ ഉൾപ്പെടെയുള്ള ഉത്തരാർദ്ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഇത് ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. ഓരോ 130 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് - ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ഈ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പെർസീഡ് ഷവർ ഉണ്ടാകുന്നത്. 

വാൽ നക്ഷത്രത്തിൽ നിന്ന് തെറിച്ച ചെറു മണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ചിലപ്പോൾ ഇത്തവണ നാം കാണാൻ പോകുന്ന ഉൽക്കകൾ.