മീനങ്ങാടി സ്കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ
വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. ചട്ടങ്ങൾ പാലിച്ചാണ് വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ട്രൈബ്യൂണലിൽ വാദിച്ചു.
133 വിദ്യാർഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. യാത്രയ്ക്കിടെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ രക്ഷിതാക്കളും ഇരുവർക്കുമെതിരെ രംഗത്തെത്തി.
തുടർന്ന് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റിയെന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ആരോപണം. സ്ഥലംമാറ്റ നടപടിക്കെതിരെ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു
