സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിറ്റ സംഭവം: കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ
തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീഹരിയെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കോളജ് പരിപാടികളുടെ വീഡിയോ ചിത്രീകരിച്ച്, അതിൽ നിന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ ശേഖരിച്ചാണ് പ്രതി മോർഫിംഗിന് ഉപയോഗിച്ചിരുന്നത്. പോലീസിന്റെ ഫോൺ പരിശോധനയിൽ നിരവധി പെൺകുട്ടികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത ചിത്രങ്ങളും പെൺകുട്ടികളുടെ ഹോസ്റ്റൽ മുറി ദൃശ്യങ്ങളും കണ്ടെടുത്തു. ഈ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിറ്റ് പണം വാങ്ങിയതായും ഇതിന്റെ ബാങ്ക് വിവരങ്ങളും ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുമുണ്ട്.
മറ്റ് ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾക്ക് അയച്ചു നൽകിയാണ് ഇയാൾ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളാക്കി മാറ്റിയിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കേസിനെ തുടർന്ന് വിദ്യാർത്ഥിയെ കോളജിൽ നിന്നും, താൻ വഹിച്ചിരുന്ന കെ.എസ്.യു യൂണിറ്റ് മീഡിയ കോഓർഡിനേറ്റർ സ്ഥാനത്ത് നിന്നും പുറത്താക്കി.
