കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പിണറായി വിജയൻ; സിസ തോമസിനും സർക്കാരിനും രൂക്ഷവിമർശനം
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാവിലെ 9.45-ഓടെയാണ് അദ്ദേഹം കാലടിയിലെ സമരപ്പന്തലിലെത്തിയത്. നാടാകെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പമാണെന്നും, എസ്എഫ്ഐയ്ക്ക് നേരെയുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് സർവകലാശാലയിലെ നടപടികൾ നീങ്ങിയതെന്നും പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുകാരുടെ ഇഷ്ട തോഴിയായാണ് വൈസ് ചാൻസലർ സിസ തോമസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വിദ്യാർത്ഥികളോട് ശത്രുത വെച്ചുപുലർത്തുന്നവരെ അധ്യാപകരായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പച്ചനുണയാണ് സിസ തോമസ് പ്രചരിപ്പിച്ചത്. തന്റെ ശവദാഹം വിദ്യാർത്ഥികൾ നടത്തി എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് 16 പേരെ സസ്പെൻഡ് ചെയ്തത്. നാടകം അവതരിപ്പിച്ച ദിവസങ്ങളിലൊന്നും ഇല്ലാതിരുന്ന പരാതി ദിവസങ്ങൾക്ക് ശേഷമാണ് തയ്യാറാക്കിയത്. ഇതിന് പിന്നിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കറും വി.സിയും തമ്മിലുള്ള ഗൂഢാലോചനയാണുള്ളതെന്നും, അർലേക്കർ കറകളഞ്ഞ ആർഎസ്എസുകാരനാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വിദ്യാർത്ഥി സമരത്തിൽ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്ന നിലപാടിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. കുട്ടികളെ സസ്പെൻഷനിൽ നിർത്തി അവരുടെ ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും, വൈസ് ചാൻസലർ ഏകഛത്രാധിപതിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നവരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുട്ടികളുടെ സംരക്ഷണത്തിന് എത്തേണ്ടതിന് പകരം നിസ്സംഗത പാലിക്കുകയാണ്. സർക്കാരിന്റെ ഈ നിലപാട് തിരുത്തുന്നത് വരെ സമരം ശക്തമായി തുടരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
