ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പി.എസ്.സി; അരുണിന്റെ നിയമനം റദാക്കും

  1. Home
  2. Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പി.എസ്.സി; അരുണിന്റെ നിയമനം റദാക്കും

psc


വിവാദമായ ആസൂത്രണ ബോർഡ് പി.എസ്.സി പരീക്ഷയിലെ പുനർമൂല്യനിർണയത്തിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പി.എസ്.സി. നേരത്തെ ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച ഇടത് സംഘടനാ നേതാവ് അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കാനാണ് തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും. എന്നാൽ, നിയമനം നടന്ന് ഒരു വർഷം പിന്നിട്ടതിനാൽ അരുൺ പ്രതാപിനെ പുറത്താക്കുന്നത് നിയമപോരാട്ടത്തിന് വഴിവെച്ചേക്കാം.

ഇന്നലെ രാത്രിയാണ് പി.എസ്.സി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പഴയ പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന പരാതിക്കാരൻ ശ്യാം കൃഷ്ണൻ പുനർമൂല്യനിർണയത്തിൽ ഒന്നാമതെത്തി. പഴയ പട്ടികയിൽ ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച അരുൺ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷനിലെ തസ്തികകളിലേക്കുള്ള പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ശ്യാം കൃഷ്ണൻ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ക്രമക്കേട് പുറത്തുവന്നത്.

തുടക്കത്തിൽ പിഴവ് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന പി.എസ്.സി, ഡിജിറ്റൽ മൂല്യനിർണയത്തിലെ തകരാറാണ് സംഭവത്തിന് കാരണമെന്ന് പിന്നീട് സമ്മതിച്ചു. തുടർന്ന് നടത്തിയ പുനർമൂല്യനിർണയത്തിലാണ് റാങ്ക് പട്ടിക മാറിയത്. അർഹതപ്പെട്ട നിയമനം ലഭിക്കുന്നതിനായി ശ്യാം കൃഷ്ണൻ നടത്തിയ പോരാട്ടത്തിന് ഇതോടെ വഴിത്തിരിവായിരിക്കുകയാണ്.