ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പി.എസ്.സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന; രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്
ആസൂത്രണ ബോർഡ് ചീഫ് തസ്തിക പരീക്ഷയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി.എസ്.സി ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എസ്‌ഐടി സംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ മൊഴിയും അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച തീരുമാനം എടുക്കുക.
പി.എസ്.സി ആസ്ഥാനത്ത് എസ്‌ഐടി സംഘം എത്തുന്നത് ഇത് മൂന്നാം തവണയാണ്. എസ്‌ഐടി സംഘത്തിന്റെ മേധാവി ഐജി അജിതാ ബീഗം പിഎസ്‌സി ആസ്ഥാനത്ത് എത്തി ആദ്യം ചെര്‍മാനുമായി ആശയവിനിമം നടത്തിയിരുന്നു. എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് അന്ന് അറിയിച്ചിരുന്നു. രണ്ടാംതവണ രേഖകള്‍ ഏതെല്ലാമാണ് ആവശ്യമുള്ളതെന്ന് രേഖാമൂലം കത്തുകള്‍ നല്‍കിയാണ് മടങ്ങിയത്. ഇന്ന് വിശദമായ പരിശോധനയ്ക്കാണ് എസ്‌ഐടി എത്തിയത്. പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലാണ് പരിശോധന നടത്തുന്നത്. പരീക്ഷയുടെ റാങ്ക് പട്ടിക, അഭിമുഖവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങി ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തിക പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരമാവധി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമമാണ് എസ്‌ഐടി നടത്തുന്നത്.
