ക്ഷേമപെൻഷൻ വർധിപ്പിക്കാൻ ആലോചന; 200 രൂപ ഉയർത്തി തുക 1800 രൂപയാക്കിയേക്കാം
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ നീക്കം . നിലവിൽ ലഭിക്കുന്ന 1600 രൂപയിൽ നിന്ന് 200 രൂപ കൂടി ചേർത്ത് 1800 രൂപയാക്കാനുള്ള പദ്ധതിയാണ് പരിഗണനയിൽ. വിഷയത്തിൽ അന്തിമ തീരുമാനം നവംബർ ഒന്നിന് വിളിച്ചുചേർക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
നവംബർ ഒന്നിന് വിളിച്ചുചേർക്കുന്ന ഈ പ്രത്യേക നിയമസമ്മേളനം, സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളും ഉടൻ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളും പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്. ഈ സമ്മേളനത്തിൽ ക്ഷേമ പെൻഷൻ വർദ്ധന സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
2021-ൽ എൽഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയിൽ എത്തിക്കുക എന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിലവിലെ തുകയിൽ നിന്ന് 900 രൂപയുടെ വർദ്ധനവ് ആവശ്യമാണ്.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാരുള്ളത്. പെൻഷൻ വിതരണം ഏറെക്കാലം മുടങ്ങിയെങ്കിലും, നിലവിൽ കുടിശ്ശികകൾ തീർത്ത്, എല്ലാ മാസവും നൽകുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്
