കട്ടപ്പനയിൽ പാറയിടിഞ്ഞ് വീണ് തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം; അപകടം ഏലത്തോട്ടത്തിൽ ജോലിക്കിടെ
ഇടുക്കി കട്ടപ്പന കടമാക്കുഴിയിൽ മലമുകളിൽനിന്ന് കൂറ്റൻ പാറക്കൂട്ടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് അപകടം. രാവിലെ ഭാര്യയ്‌ക്കൊപ്പമാണ് ബെന്നി ജോലിക്കായി തോട്ടത്തിലെത്തിയത്.
ഇതിനിടെ മലമുകളിൽനിന്ന് വലിയ പാറക്കൂട്ടം അടർന്നുവീഴുകയായിരുന്നു. പാറ താഴേക്ക് വരുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ബെന്നിക്ക് രക്ഷപ്പെടാനായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാറയ്ക്കടിയിൽ കുടുങ്ങിയ ബെന്നിയെ പുറത്തെടുത്തത്.
മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്കുള്ള ആളുകളുടെ പ്രവേശനം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശത്ത് ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
