സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ
പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. പ്രവേശന പ്രക്രിയയുടെ മുഖ്യഘട്ടം പൂർത്തിയായതോടെ, ഏകദേശം 3,40,000 വിദ്യാർത്ഥികളാണ് ഇന്ന് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ പഠനം ആരംഭിക്കുന്നത്. ആകെ 4,63,686 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.
മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വേക്കൻസിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. സ്‌പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ 27-ാം തിയതി പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.