പ്ലസ് വൺ ആദ്യ അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് തിങ്കളാഴ്ച ഹയർസെക്കൻഡറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ സ്കൂളുകളിൽ ചേരാം.ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പരിശോധിച്ച് അലോട്‌മെന്റ്‌റ് നിലയറിയാം.
ബന്ധപ്പെട്ട ബോർഡിൽ നിന്നു യോഗ്യതാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഡിജിലോക്കർ അല്ലെങ്കിൽ ഔദ്യോഗിക വെബ് സൈറ്റിൽനിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്വീകരിക്കും. പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.
പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ മൂന്ന് അലോട്മെന്റുകളാണുള്ളത്. ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂർത്തിയായശേഷം ജൂൺ 10-ന് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്മെന്റും. 18-ന് ക്ലാസ് തുടങ്ങും.സപ്ലിമെന്ററി അലോട്മെന്റ്‌റാണ് പിന്നീട്. ആദ്യ മൂന്ന് അലോട്മെന്റുകളിലും ഉൾപ്പെടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്മെന്റ്.ജാതി, സംവരണം, ബോണസ് പോയിന്റ് തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമയബന്ധമായി ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.