കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; ആറ് പ്ലസ് ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട് അത്തോളി കൊളത്തൂർ എസ്.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. വിഷയം പൊലീസിൽ അറിയിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂണിഫോം ഷർട്ടിന്റെ ബട്ടൺ ഇടാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. സ്‌കൂളിന് സമീപത്തെ റോഡിൽ വച്ചായിരുന്നു മർദനം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സീനിയർ വിദ്യാർഥികൾ തന്നെ റാഗ് ചെയ്യുകയായിരുന്നുവെന്നാണ് മർദനമേറ്റ പ്ലസ് വൺ വിദ്യാർഥിയുടെ ആരോപണം.
