പ്ലസ്ടു കോഴ കേസ്; 'തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആൾ'; കെഎം ഷാജി
പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷാജി കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടു. തനിക്കെതിരെ കേസ് നടത്തി ധൂർത്തടിച്ചത് ഖജനാവിലെ പണമാണ്. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം സിപിഎമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് കെഎം ഷാജി ഇന്നലെ ആരോപിച്ചിരുന്നു. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്‍റെ ആവശ്യം. തനിക്കെതിരായ കേസിലെ വിധിയില്‍ സുപ്രീംകോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കല്‍ അല്ലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും ഷാജി വിമര്‍ശിക്കുന്നു. പല തവണ കായികമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും ഷാജി ആരോപിച്ചു.
പ്ലസ്ടു കോഴക്കേസിൽ ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ വാദം.