വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരായിരുന്ന സമയത്തെ ഓർമ്മകളും പങ്കുവച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും ജീവിതം സമർപ്പിച്ച നേതാവാണ് അദ്ദേഹമെന്ന്
പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ച്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്റെ വിയോഗം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലെത്തും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും.
