പിഎം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി; റിപ്പോർട്ട് ഒരു മാസത്തിനകം

  1. Home
  2. Kerala

പിഎം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി; റിപ്പോർട്ട് ഒരു മാസത്തിനകം

pm shri


സംസ്ഥാനത്ത് പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. സിലബസ് തയ്യാറാക്കൽ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നിവയിലുള്ള സംസ്ഥാനത്തിന്റെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ട് പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന് സമിതി പരിശോധിക്കും. ഒരു മാസത്തിനകം ഉപസമിതി റിപ്പോർട്ട് സമർപ്പിക്കണം. എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മുൻപ് രൂപീകരിച്ച സമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ സമിതിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനം നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഇതിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ വാദം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതെയും വർഗീയ അജണ്ടകൾക്ക് ഇടം നൽകാതെയും പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സിപിഎം, എൽഡിഎഫ് പ്രവർത്തകർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, പിഎം ശ്രീ നടപ്പാക്കുന്നതിനായി മുൻ സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്രസർക്കാരിന്റെ കത്ത് പുറത്തുവന്നു. മെയ് എട്ടിന് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. മുൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ കാലതാമസം കാരണം സ്കൂളുകൾ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെന്നും, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്.