പി.എം. ശ്രീ: സർക്കാർ പുതിയ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങൾ മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ചില അഭിപ്രായവ്യത്യാസങ്ങളുള്ളതിനാലാണ് തീരുമാനം നീളുന്നത്. പദ്ധതിയിൽ ഒപ്പുവച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാരാണെന്ന ആരോപണം മന്ത്രി ആവർത്തിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉള്ളതിനാൽ പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പി.എം. ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഡൽഹിയിൽ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഡയറക്ടർ ഡൽഹിയിലെത്തിയത്. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടന്നിട്ടുണ്ട്. എന്നാൽ പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
