ബന്ധുവായ യുവതിയുടെ പരാതി; മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ മുൻകൂർജാമ്യം തേടി ഹൈക്കോടതിയിൽ
മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ യുവതിയുടെ പരാതിയിൽ നടിക്കെതിരെ പോലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെയാണ് നീക്കം.
ഓഡീഷനെന്ന് പറഞ്ഞ് 16 വയസ്സുള്ളപ്പോൾ ചെന്നൈയിൽ കൊണ്ടുപോവുകയും മറ്റുപലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെൺകുട്ടി പരാതിപ്പെട്ടിരുന്നത്. തുടർന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം നടന്നത്. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച് പലർക്കും കൈമാറാൻ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെൺകുട്ടിയുടെ പരാതി. നടിക്ക് പെൺവാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയായിരുന്നു നടിയുടെ ആരോപണം.