'കവികൾ പ്രതിഫലം ചോദിക്കാൻ പാടില്ല'; മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്ക് കൊടുത്തോളാം: ബാലചന്ദ്രൻ ചുള്ളിക്കാട്

  1. Home
  2. Kerala

'കവികൾ പ്രതിഫലം ചോദിക്കാൻ പാടില്ല'; മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്ക് കൊടുത്തോളാം: ബാലചന്ദ്രൻ ചുള്ളിക്കാട്

balachandran-chullikkad


മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളകവിയും അഭിനേതാവുമായ  ബാലചന്ദ്രന്‍ ചുള്ളിക്കാട്.

'മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവര്‍മാത്രം സ്വന്തം ചെലവില്‍ സമൂഹത്തിനു സൗജന്യ സേവനം നല്‍കിക്കൊള്ളണം. ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച മലയാളികള്‍ക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്കു കൊടുത്തോളാം'- ചുള്ളിക്കാട് പറഞ്ഞു. 


കുറിപ്പിന്റെ പൂർണ്ണരൂപം 

പുതിയ പാഠങ്ങൾ

ബാലചന്ദ്രൻ ചുള്ളിക്കാട്


കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യൽ മീഡിയ വഴി മലയാളികൾ എന്നെ ചില പാഠങ്ങൾ പഠിപ്പിച്ചു.
അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

1)  പാട്ട്, ഡാൻസ്, മിമിക്രി, തുടങ്ങിയ കലകളിൽ പ്രവർത്തിക്കുന്നവർ മാത്രമേ ഉയർന്ന പ്രതിഫലം അർഹിക്കുന്നുള്ളു.
കവികൾ പ്രതിഫലം  ചോദിക്കാൻ പാടില്ല. കാർ വാടകപോലും ചോദിക്കാൻ പാടില്ല. സ്വന്തം ചെലവിൽ ബസ്സിലോ ട്രെയിനിലോ വന്ന് കവിത വായിച്ച് തിരികെ പൊയ്ക്കൊള്ളണം. സംഘാടകർ കനിഞ്ഞ് എന്തെങ്കിലും തന്നാൽ അതു വാങ്ങാം. മുറുമുറുപ്പോ പരാതിയോ പാടില്ല.

2) ഇംഗ്ലീഷിൽ കവിതയെഴുതുന്ന അന്താരാഷ്ട്ര കവികൾക്ക് വിമാനക്കൂലിയും ഉയർന്ന പ്രതിഫലവും പഞ്ചനക്ഷ താമസവും നൽകാം. 


3) ഒരു പ്രഭാഷകൻ എന്ന നിലയിൽ ഞാൻ യാതൊരു പ്രതിഫലവും അർഹിക്കുന്നില്ലെന്നു മാത്രമല്ല, കാർവാടകപോലും അർഹിക്കുന്നില്ല. പ്രസംഗിക്കാൻ ഔദാര്യപൂർവ്വം ഒരവസരം നൽകിയതുതന്നെ വലിയ ബഹുമതിയായി കരുതി, സംഘാടകർ തരുന്നതുംവാങ്ങി മിണ്ടാതെ പൊയ്ക്കൊള്ളണം.

4) വേണ്ടപ്പെട്ട കവികൾക്കും പ്രഭാഷകർക്കും ചോദിക്കുന്ന പ്രതിഫലം സംഘാടകർ നൽകിയെന്നു വരും. അതുകണ്ട് അസൂയും ആർത്തിയും മൂത്ത്  അലമ്പുണ്ടാക്കരുത്.മിണ്ടാതിരുന്നുകൊള്ളണം.

5)  മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അർഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവർമാത്രം സ്വന്തം ചെലവിൽ സമൂഹത്തിനു സൗജന്യ സേവനം നൽകിക്കൊള്ളണം.

ഈ പാഠങ്ങൾ എന്നെ പഠിപ്പിച്ച മലയാളികൾക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാൻ ക്ഷണിക്കുന്ന മലയാളികൾക്കു കൊടുത്തോളാം. വിട