തിരുവനന്തപുരത്തെ പോലീസ് നടപടി: സംസ്ഥാനത്ത് എസ്.എഫ്.ഐ മാർച്ചുകളിൽ സംഘർഷം
തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച മാർച്ചുകളിൽ വ്യാപക സംഘർഷം. മലപ്പുറത്ത് എസ്.പി ഓഫീസിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഇതിന് പിന്നാലെ മറ്റ് വഴികളിലൂടെ എസ്.പി ഓഫീസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ച പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. വാഹനത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വാൽവ് ഇവർ മറ്റൊരു ഭാഗത്തേക്ക് തിരിച്ചുുവെക്കുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡ് പൂർണ്ണമായി തകർത്തത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ ഉന്തും തള്ളിനും സംഘർഷാവസ്ഥയ്ക്കും കാരണമായി.
തൃശൂരിലും എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇവിടെയും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സംഘടന സംസ്ഥാനവ്യാപകമായി മാർച്ച് നടത്തിയത്.
