സെക്രട്ടേറിയറ്റ് മാർച്ച്: ഷാഫി പറമ്പിലിനെതിരെ വീണ്ടും കേസ്, ഒന്നാം പ്രതി

  1. Home
  2. Kerala

സെക്രട്ടേറിയറ്റ് മാർച്ച്: ഷാഫി പറമ്പിലിനെതിരെ വീണ്ടും കേസ്, ഒന്നാം പ്രതി

shafi parambil


രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ്. ബുധനാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. ഷാഫി പറമ്പിലിന് പുറമേ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ അടക്കം മറ്റു നാലു നേതാക്കളും പ്രതികളാണ്. കണ്ടാലറിയാവുന്ന 150 പേരേയും കേസിൽ പ്രതിചേർത്തു.

കാൽനടയാത്രക്കാരുടേയും വാഹനങ്ങളുടേയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 143, 147, 149, 283 വകുപ്പുകളും കേരള പോലീസ് ആക്ടിന്റെ 39, 121 വകുപ്പുകൾ പ്രകാരവുമാണ് കേസ്.

ബുധനാഴ്ച 12.45-ഓടെ പാളയം മാർട്ടിയേഴ്സ് കോളം ഭാഗത്തുനിന്ന് ആരംഭിച്ച മാർച്ച് ഗവ. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷമാണ് സമരം സംഘർഷത്തിലേക്ക് നീങ്ങിയത്.