എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പോലീസ് പരിശോധന; ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകന്റെ വിരലറ്റു
എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം നടത്തിയ മാർച്ചിൽ അക്രമം. ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ കൈവിരൽ കുടുങ്ങി ചാക്ക സ്വദേശിയായ സി.പി.എം പ്രവർത്തകൻ വിവേകിന്റെ വിരൽ അറ്റുപോയി. പരിക്കേറ്റ വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് പരിശോധന തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് തിരുവനന്തപുരത്ത് പ്രതിഷേധം ശക്തമായത്. എസ്.എച്ച്.ഒ സതീഷ് കുമാറിനെ പത്താം തീയതിക്കുള്ളിൽ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിയെ തുടർന്ന് കന്റോൺമെന്റ് സി.ഐയുടെ വീട്ടിലേക്കും എസ്.ഐ ജി. ഗോകുലിന്റെ വീട്ടിലേക്കും നേരത്തെ സി.പി.എം, ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
