യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബാലയുടെ മൊഴിയെടുത്തു: പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ്

  1. Home
  2. Kerala

യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബാലയുടെ മൊഴിയെടുത്തു: പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ്

bala


യൂട്യൂബ് വ്ലോഗറുടെ വീട്ടിൽ ‌അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരിശോധനയിൽ തോക്കു കണ്ടെത്തിയില്ലെന്നു പൊലീസ് പറഞ്ഞു. യൂട്യൂബർ അജു അലക്സിന്റെ പരാതിയിൽ ബാലയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു.

ബാലയെ വിമർശിച്ച് അജു അലക്സ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്ലാറ്റിലെത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടെന്നും വിഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ബാക്കി അപ്പോഴറിയാം എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

സിനിമാ മേഖലയിലെ ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിനു സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്സും വിഡിയോ പുറത്തിറക്കി. ഇതാണ് പ്രശ്നമായതെന്ന് അജു പറഞ്ഞു.

എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്നു പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു. അജു അലക്സ് വിഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരെയാണു താൻ പ്രതികരിച്ചതെന്നും പറഞ്ഞു.