പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച സംഭവം: അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തു
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിന് അർജുൻ ആയങ്കിക്കെതിരെ ഊന്നുകൽ പൊലീസ് വീണ്ടും കേസെടുത്തു. ഊന്നുകൽ സി.ഐയെ ലക്ഷ്യമിട്ടായിരുന്നു ഇത്തവണത്തെ ഭീഷണി. കേസിൽ മുൻകൂർ ജാമ്യമെടുത്ത് മാത്രമേ തിരിച്ചുവരൂ എന്നും ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടൂ എന്നുമാണ് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചത്.
നേരത്തെ കോതമംഗലം സി.ഐ പ്രശാന്തിനെയും സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രശാന്തിന് ശാന്തമായി പെൻഷൻ പറ്റി ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതേത്തുടർന്ന് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് മരട് അനീഷിന്റെ കൂട്ടാളികൾക്കൊപ്പം സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ ആയങ്കി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പൊലീസിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.
