കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്;സിസിടിവി ദൃശ്യങ്ങളും ഹോട്ടൽ രേഖകളും കോടതിയിൽ സമർപ്പിക്കും
മുൻ എംഎൽഎയും സംവിധായകനുമായ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളും ഹോട്ടൽ രേഖകളും തെളിവായുണ്ടെന്നും കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സെഷൻസ് കോടതിയിൽ സമർപ്പിക്കും എന്നും പൊലീസ് വ്യക്തമാക്കി
സംഭവസമയം കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളും, ഹോട്ടൽ രേഖകളും സൂചിപ്പിക്കുന്നു. അതേസമയം കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും. ഇതിന് മുമ്പായി പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും. മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴിയെടുക്കുക. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്ന പേരിൽ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ പി ടി കുഞ്ഞുമുഹമ്മദ് ആരോപണം നിഷേധിച്ചിരുന്നു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
