പോഷൺ ആപ്പ് പ്രതിസന്ധി: അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; 35,291 സ്മാർട്ട്ഫോണുകൾ വാങ്ങാൻ അനുമതി
പോഷൺ ആപ്പ് ഉപയോഗിക്കാൻ സ്മാർട്ട്ഫോണുകളില്ലാതെ പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം. ജീവനക്കാർക്കായി 35,291 പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിനായി 41.64 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി.
ഫോണില്ലാത്ത അങ്കണവാടി ജീവനക്കാരുടെ ദുരിതം സംബന്ധിച്ച് വാർത്ത വന്നിരുന്നു . ഇതിനു പിന്നാലെയാണ് സർക്കാർ നടപടി. എല്ലാവർക്കും സ്മാർട്ട്ഫോൺ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പോഷൺ ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി കേന്ദ്രസർക്കാർ അങ്കണവാടി ജീവനക്കാർക്ക് ഫോണും സിമ്മും അനുവദിച്ചിരുന്നു. എന്നാൽ, ലഭിച്ച ഫോണുകളിൽ കൃത്യമായി നെറ്റ്വർക്ക് ലഭിക്കാത്തതും സാങ്കേതിക പ്രശ്നങ്ങളും കാരണം സ്വന്തം ഫോണുകളെയാണ് പലരും ആശ്രയിച്ചിരുന്നത്.
ഇതോടെ വ്യക്തിഗത ഫോണുകൾ ഹാങ്ങാകുന്നതും പുതിയ ഫോണുകൾ വാങ്ങാൻ വായ്പയെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നതും പതിവായി. പുതിയ ഫോണുകൾ ലഭിക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
