പുതിയ ന്യൂനമർദത്തിന് സാധ്യത: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ വേനൽച്ചൂടിന് ആശ്വാസമായി നാളെ മുതൽ വീണ്ടും മഴയെത്തുന്നു. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 11-ഓടെ മധ്യപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരപ്രദേശത്തുമായി പുതിയ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത.
മഴ മുന്നറിയിപ്പും യെല്ലോ അലർട്ടും:
- നാളെ (വ്യാഴം): ആലപ്പുഴ, എറണാകുളം.
- വെള്ളി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം.
- ശനി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്.
