സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; നിയന്ത്രണം തുടരും
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും ഭാഗിക വൈദ്യുതി നിയന്ത്രണവും വരും ദിവസങ്ങളിലും തുടരുമെന്ന് കെഎസ്ഇബി. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റാൻ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരാനുള്ള തീരുമാനം.
മഴയ്ക്ക് പിന്നാലെ പകൽസമയത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും ഉയർന്നിട്ടുണ്ട്. ഇതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനയുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി രണ്ടുതവണ ഹ്രസ്വകാല കരാറിനായി ടെൻഡർ വിളിച്ചെങ്കിലും പ്രതീക്ഷിച്ച നിരക്കിൽ വൈദ്യുതി ലഭിച്ചില്ല. കഴിഞ്ഞ മേയിൽ യൂണിറ്റിന് പരമാവധി 10 രൂപ എന്ന പരിധിയിലാണ് ടെൻഡർ വിളിച്ചത്. എന്നാൽ കരാർ സാധ്യമായില്ല.
തുടർന്ന് ജൂലൈ ഏഴിന് വീണ്ടും ടെൻഡർ ക്ഷണിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാൻ വിതരണക്കാർ തയ്യാറായില്ല. പകലും രാത്രിയിലുമായി 200 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ടപ്പോൾ 25 മെഗാവാട്ടിനുള്ള വാഗ്ദാനം മാത്രമാണ് ലഭിച്ചത്. യൂണിറ്റിന് 6.50 രൂപയായിരുന്നു നിരക്ക്. ഉയർന്ന നിരക്കിലുള്ള ടെൻഡറിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ കരാറിലെത്താനും കെഎസ്ഇബിക്ക് കഴിയില്ല.
അതേസമയം, പിന്നീട് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കടമെടുത്താണ് നിലവിലെ പ്രതിസന്ധി കെഎസ്ഇബി മറികടക്കുന്നത്. വെള്ളിയാഴ്ച ഇത്തരത്തിൽ 2.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങി. വേനൽക്കാലത്ത് കടമെടുത്ത വൈദ്യുതിക്ക് പകരമായി ദിവസേന മൂന്ന് ദശലക്ഷം യൂണിറ്റിലധികം തിരിച്ചുനൽകുന്ന സാഹചര്യവുമുണ്ട്.
വൈദ്യുതി ആവശ്യകത ഉയരുകയും കുറഞ്ഞ നിരക്കിൽ അധിക വൈദ്യുതി ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വരുന്ന ദിവസങ്ങളിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.
