വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിനെതിരെ പിണറായി; സ്വകാര്യവൽക്കരണ നീക്കമെന്ന് ആരോപണം

  1. Home
  2. Kerala

വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിനെതിരെ പിണറായി; സ്വകാര്യവൽക്കരണ നീക്കമെന്ന് ആരോപണം

cm pinarayi vijayan


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി മേഖലയിലെ ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് യുഡിഎഫ്-ബിജെപി സർക്കാരുകൾ നടത്തുന്നതെന്ന് പിണറായി ആരോപിച്ചു. രാജ്യത്തെ വൈദ്യുതി ഉൽപാദത്തിൻ്റെ 60% സ്വകാര്യ കുത്തകകളായ അദാനി , അംബാനി, ടാറ്റ എന്നിവരുടെ കൈയിലാണ്. പ്രതിസന്ധി വന്നാൽ ജനങ്ങളെ കൊള്ളയടിക്കാൻ അവസരം ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു .

വൈദ്യുതി പ്രതിസന്ധി നേരിടാൻ സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും ഭരണപരമായ വീഴ്ച മറച്ചുവെക്കാനാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ 2023ൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ ബിഡിങ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതായിരുന്നു പ്രധാന കാരണം.

കരാർ റദ്ദായതിനു പിന്നാലെ അത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എൽഡിഎഫ് സർക്കാർ നടത്തിയെന്നും പിണറായി അവകാശപ്പെട്ടു. അതേസമയം, കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.

വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നതിലെ കാലതാമസത്തെയും അദ്ദേഹം ചോദ്യം ചെയ്തു.