സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി മുടക്കം; സബ് എഞ്ചിനീയറുടെ സസ്‌പെൻഷനിൽ കെഎസ്ഇബി ജീവനക്കാരുടെ പ്രതിഷേധം
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തതിനെതിരെ കെഎസ്ഇബി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായ സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സഹകരണ വകുപ്പിന്റെ റിസ്‌ക് ഫണ്ട് വിതരണ പരിപാടിയിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടകനായി പങ്കെടുക്കുന്നതിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. മൈക്കില്ലാതെ സ്വാഗതപ്രസംഗകൻ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ചടങ്ങിൽ പങ്കെടുത്ത കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി.വി. സതീഷ് ബാബുവിനെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം, സസ്‌പെൻഷൻ സ്ഥിരമായ നടപടിയല്ലെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സസ്‌പെൻഷൻ നടപടിയും രാഷ്ട്രീയ-വകുപ്പ് തല ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
