ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സംസ്ഥാനത്ത് വൈകുന്നേരം 6.45 മുതല്‍ രാത്രി 12.45 മണി വരെ ഉള്ള പീക് സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി . വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടം തിരുവനന്തപുരത്ത്.നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും.
