സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും വൈകുന്നേരം 6.45 മുതൽ രാത്രി 12 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണം.
ഇന്ന് സംസ്ഥാനത്ത് 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ല. അതേസമയം, ഹരിയാനയിൽ നിന്ന് 50 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഏകദേശം 1200 മെഗാവാട്ട് വരെ അധിക ഉപഭോഗമാണ് രേഖപ്പെടുത്തുന്നത്.
പവർ എക്‌സ്‌ചേഞ്ചിൽ ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്‌സ്‌ചേഞ്ചിലെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
