സിനിമയുടെ പേര് മാറ്റാനും അധികാരം; സെൻസറിങ്ങിൽ പുതിയ നിയന്ത്രണങ്ങളുമായി സെൻസർ ബോർഡ്
സിനിമകളുടെ സെൻസർ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സെൻസർ ബോർഡ്. സിനിമയുടെ പേര് മാറ്റാൻ ഉൾപ്പെടെ ബോർഡിന് അധികാരം നൽകുന്ന പുതിയ നിർദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിർമാതാക്കൾ രജിസ്റ്റർ ചെയ്യുന്ന പേര് അന്തിമമല്ലെന്നും സെൻസർ ബോർഡ് നിർദേശിക്കുന്ന പേര് സ്വീകരിക്കേണ്ടിവരുമെന്നുമാണ് പുതിയ വ്യവസ്ഥ. ഇതോടെ സിനിമാ മേഖലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് നിർമാതാക്കളും സിനിമാ സംഘടനകളും.
ചിത്രീകരണം പൂർത്തിയാകാത്ത സിനിമകളുടെ സെൻസറിങ് അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നതാണ് മറ്റൊരു പ്രധാന നിർദേശം. സിനിമയുടെ അന്തിമ പതിപ്പ് മാത്രമേ സർട്ടിഫിക്കേഷനായി സമർപ്പിക്കാനാകൂ. ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തിലോ അതിന് മുമ്പോ അപേക്ഷ നൽകാൻ കഴിയില്ല. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താൽ സെൻസറിങ് നടപടികൾ വേഗത്തിലാക്കാനും സാധിക്കില്ല.
പുതിയ നിർദേശങ്ങൾ സിനിമകളുടെ റിലീസ് വൈകുന്നതിനും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും ഇടയാക്കുമെന്നാണ് ആശങ്ക. റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിച്ചിട്ടും സർട്ടിഫിക്കേഷൻ നടപടികൾക്ക് സമയപരിധി ഉറപ്പില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, പുതിയ നിയന്ത്രണങ്ങൾക്കെതിരെ ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
