ആലപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് ;രാധയുടേത് സ്വാഭാവിക മരണമെന്ന് പോലീസ്
ആലപ്പുഴ തുറവൂരിൽ മകൻ രഹസ്യമായി അമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രാധയുടേത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന്തരിക രക്തസ്രാവമോ, മുറിവുകളോ ഇല്ല. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും.
കഴിഞ്ഞ ദിവസം രാവിലെയാണ് 75 വയസുകാരി രാധ മരിച്ചത്. വൈകുന്നേരം മകൻ തന്നെ അയൽവാസികളോട് മരണവിവരം പറഞ്ഞു. അടുക്കളയിൽ കുഴി എടുത്ത് താൻ തന്നെ മൃതദേഹം സംസ്‌കരിച്ചു എന്ന് കൂടി ഗിരീഷ് പറഞ്ഞതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട് ബന്ദവസിലാക്കി ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹം ഇരുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഗിരീഷിനൊപ്പം അമ്മ ഒറ്റക്കാണ് താമസം. സ്വഭാവദൂഷ്യം കാരണം ഭാര്യയും മക്കളും ഗിരീഷിനെ ഉപേക്ഷിച്ചു പോയിരുന്നു
