മരിച്ചെന്നു കരുതി സംസ്കരിച്ചയാൾ തിരിച്ചുവന്നു; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല
മരിച്ചെന്നു കരുതി സംസ്കാരം നടത്തിയയാൾ ഏഴാം ദിവസം തിരിച്ചുവന്നു. ആലുവ ചുണങ്ങംവേലി സ്വദേശി അന്തോണിയാണ് ജനനവും മരണവും രേഖപ്പെടുത്തിയ സ്വന്തം കല്ലറക്ക് മുന്നിൽ ഇന്നലെ എത്തിയത്. അതേസമയം അന്തോണി ആണെന്ന് കരുതി പള്ളിയിൽ സംസ്കാരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല.
ഒരാഴ്ച മുൻപാണ് താലൂക്ക് ആശുപത്രിയിൽ മരിച്ചയാൾ ചുണങ്ങംവേലി സ്വദേശി അന്തോണിയാണെന്ന് കരുതി ബന്ധുക്കൾ പള്ളിയിൽ മൃതദേഹം സംസ്കരിച്ചത്. വർഷങ്ങളായി നാട്ടിൽ വരാതിരുന്ന അന്തോണി ഇന്നലെ തിരിച്ചു വന്നതോടെ സംസ്കരിച്ചത് അന്തോണിയുടെ മൃതദേഹം അല്ലെന്ന് തെളിഞ്ഞു. ഏഴാം ചരമദിനത്തിന്റെ ചടങ്ങുകൾ കഴിഞ്ഞിരുന്നു.
ബസ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. അന്തോണിയെ അറിയാവുന്ന ഒരു പൊലീസുകാരന് സംശയം തോന്നി വിവരം അറിയിച്ചതനുസരിച്ച് സഹോദരിമാരും വാർഡ് മെമ്പറും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു.