വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് വൈദിക ട്രസ്റ്റി

  1. Home
  2. Kerala

വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് വൈദിക ട്രസ്റ്റി

image


മാർത്തോമ്മാ സഭയിലെ യുവതീയുവാക്കളുടെ വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബസംഗമത്തിലായിരുന്നു പരാമർശം. വൈദികന്റെ പ്രസ്താവന യുവതീയുവാക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.

കർണാടക സർക്കാർ എല്ലാ ക്യാംപസുകളിലും എച്ച്.ഐ.വി പരിശോധന നടത്തുകയാണെന്നും മാർത്തോമ്മാ സഭയിൽ നടക്കുന്ന എല്ലാ വിവാഹങ്ങളും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കിയശേഷം നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു റവ. ഡോ. കെ. തോമസിന്റെ പരാമർശം. 27 വയസ്സുള്ള മകളെ മണവാട്ടിയായി ദേവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ അവൾ ദുരുപയോഗത്തിന് ഇരയായിട്ടില്ലെന്ന് ഉറപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ അഭിമാനമായി മാന്യമായി വളർത്തുന്ന യുവജനങ്ങളെ പരസ്യമായി അപമാനിച്ച വൈദിക ട്രസ്റ്റി മാപ്പുപറയണമെന്ന് യുവജന പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രസ്താവനയിൽ നടപടി സ്വീകരിക്കണമെന്നും മെത്രാപ്പോലീത്തയോട് ആവശ്യപ്പെട്ടു.

അതേസമയം, നല്ല ഉദ്ദേശത്തോടെയാണ് പരാമർശം നടത്തിയതെന്ന് റവ. ഡോ. കെ. തോമസ് പ്രതികരിച്ചു. കുടുംബസംഗമത്തിൽ രക്ഷിതാക്കളെയാണ് അഭിസംബോധന ചെയ്തതെന്നും ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം വിഷയങ്ങൾ സംസാരിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.