കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്
കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തടവുകാർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ അന്തേവാസികളായ വിഷ്ണു, ആദർശ്, ബ്രഹ്‌മജിത്ത് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ജയിൽ ഉദ്യോഗസ്ഥനായ സെയ്ദലി അജ്‌സലിനാണ് മർദനമേറ്റത്. ഔദ്യോഗിക നിർദേശങ്ങൾ അനുസരിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്‌തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും എത്തിയാണ് സെയ്ദലിയെ രക്ഷപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ ജയിൽ വകുപ്പും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
