സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; സി.പി.എം നേതാവ് പി. ശശിയുടെ സഹോദരൻ മരിച്ചു
കണ്ണൂർ കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ കാടാച്ചിറ ആടൂർ പാലത്തിന് സമീപം സ്വകാര്യ ബസ് സ്കൂട്ടറിന് പുറകിലിടിച്ച് യാത്രികൻ മരിച്ചു. മുണ്ടയോട് ശ്രേയസിൽ പി. സരസനാണ് (54) അപകടത്തിൽ മരിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരനാണ് സരസൻ. കണ്ണൂർ പിള്ളയാർ കോവിൽ ജീവനക്കാരനായ അദ്ദേഹം രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു ദാരുണമായ സംഭവം.
വ്യാഴാഴ്ച രാവിലെ 7:10-ഓടെയാണ് അപകടം നടന്നത്. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന 'നബീൽ' എന്ന സ്വകാര്യ ബസ് സരസൻ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സരസന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വിവരമറിഞ്ഞ് എടക്കാട് പൊലീസ് ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: അനീഷ, ഏക മകൾ: നന്ദന.
