കോട്ടയത്ത് സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ അപകടം; ചികിത്സയിലായിരുന്ന 19കാരി മരിച്ചു

  1. Home
  2. Kerala

കോട്ടയത്ത് സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ അപകടം; ചികിത്സയിലായിരുന്ന 19കാരി മരിച്ചു

image


കോട്ടയം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലി (19) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ വെന്റിലേറ്ററിലായിരുന്നു അഞ്ജലി.

ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അഞ്ജലി ഉൾപ്പെടെ അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്.

ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടസമയത്ത് ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ ചിലർ ബസ് സ്റ്റോപ്പിന് സമീപത്തെ കടത്തിണ്ണയിൽ കയറി നിന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. അമ്മ മരിച്ചതിനുശേഷം വലിയമ്മയോടൊപ്പം താമസിച്ചിരുന്ന അഞ്ജലി ചന്തക്കവലയ്ക്ക് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. യുവതിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.