കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേർ ബസിനടിയിൽപ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം
കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി വൻ അപകടം. കനത്ത മഴയ്ക്കിടെ വൈകീട്ട് ഏഴു മണിയോടെ നടന്ന അപകടത്തിൽ അഞ്ച് പേർ ബസിനടിയിൽപ്പെടുകയും ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിലും ഗുരുതര പരിക്കുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് വന്ന 'താണ്ടപ്ര' എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഫുട്പാത്തിന്റെ ബാരിക്കേഡും സമീപത്തെ വൈദ്യുതി പോസ്റ്റും തകർത്ത് ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ വെളിപ്പെടുത്തി.
