വയനാട്ടിൽ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

  1. Home
  2. Kerala

വയനാട്ടിൽ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

private bus


കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ജില്ലയിലെ പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലായി.

ജൂലൈ 1 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നു അറിയിച്ച ബസ് ഉടമകൾ ജില്ലാ സിവിൽ സ്റ്റേഷനിലേക്കു മാർച്ചും നടത്തി.ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളിൽപ്പെട്ട നൂറുകണക്കിന് ബസ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.

സമരത്തെ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കേണ്ടി വന്നു. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്ന് അധിക സർവീസുകൾ നടത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായി.

സമരം വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചു. ഹയർസെക്കൻഡറി ക്ലാസുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് എത്താനായില്ല. കെഎസ്ആർടിസി സേവനം കുറവുള്ള ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചത്.