സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയകരം

  1. Home
  2. Kerala

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയകരം

private bus


പ്രിയദർശിനി പദ്ധതിക്കെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി. ജോണുമായി ബസ് ഉടമ സംഘടനാ പ്രതിനിധികൾ നടത്തിയ സമഗ്രമായ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ ധാരണയായത്. ആറ് സംഘടനകൾ അടങ്ങിയ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി.

സ്വകാര്യ ബസുകൾ സർക്കാർ ലീസിനെടുക്കൽ, ബസ് ടൈമിംഗുകൾ കാലോചിതമായി പരിഷ്കരിക്കൽ, കെ.എസ്.ആർ.ടി.സിയുമായുള്ള റൂട്ട് ഓവർലാപ്പിംഗ് ലഘൂകരിക്കൽ തുടങ്ങിയ പ്രധാന ആവശ്യങ്ങളിലാണ് ധാരണയായത്. എന്നാൽ യാത്രാനിരക്ക് വർദ്ധനവിലും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും തീരുമാനമായിട്ടില്ല.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബസുടമകൾ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബസുകളിലും സൗജന്യ സ്ത്രീ യാത്ര അനുവദിക്കുകയും അതിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കുകയും വേണമെന്നായിരുന്നു പ്രധാന ആവശ്യം. മിനിമം ചാർജ്ജ് 15 രൂപയാക്കുക, കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കുക എന്നീ ആവശ്യങ്ങളും ബസുടമകൾ ഉന്നയിച്ചിട്ടുണ്ട്.