അവധിക്ക് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ; ടിക്കറ്റിന് 6,000 രൂപ വരെ

  1. Home
  2. Kerala

അവധിക്ക് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ; ടിക്കറ്റിന് 6,000 രൂപ വരെ

bus


ക്രിസ്തുമസ് അവധിക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ. നാളെയും മറ്റന്നാളുമെല്ലാം അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. 

ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ ഓൺലൈൻ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താൽ മേഴ്സിഡീസ് ബെൻസിന്റെ മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളിൽ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകൾ. എന്നാൽ നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകൾ. നോൺ എസി സീറ്റർ ബസുകൾക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയൽ എന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി റിജാസ് പറഞ്ഞു. 

'നിലവിൽ അന്തർ സംസ്ഥാന ബസ് സർവീസുകളുടെ നിരക്ക് നിശ്ചയിക്കാൻ ഏകീകൃത സംവിധാമോ സർക്കാർ ഇടപെടലോ ഉണ്ടായിട്ടില്ല. അതിനാൽ ഉത്സവ സീസണുകളിലെല്ലാം ബസുകൾക്ക് ചാകരയാണ്. നേരത്തെ ഏജൻസികൾ വഴിയായിരുന്നു ബുക്കിംഗ്. ഓൺലൈൻ ബുക്കിംഗ് സജീവമായതോടെ സർവീസ് ചാർജ് അടക്കം നിരക്ക് വീണ്ടും ഉയരും.'

കെഎസ്ആർടിസിയിൽ ചെന്നൈ കൊച്ചി റൂട്ടിൽ നാളെ മുതൽ 2800, 3300, 3600 എന്നിങ്ങനെയാണ് നിരക്കുകൾ. തിരക്ക് വർധിച്ചിട്ടും ദക്ഷണി റെയിൽവേ സ്പെഷ്യൽ സർവീസുകളൊന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല.