സ്വകാര്യ ബസുകൾ സമരത്തിലേക്ക്; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകൾ

  1. Home
  2. Kerala

സ്വകാര്യ ബസുകൾ സമരത്തിലേക്ക്; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകൾ

private bus


സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് സർവീസുകൾ നിർത്തിവച്ച് സമരം നടത്താൻ ബസുടമകൾ തീരുമാനിച്ചത്. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഒരിക്കൽ കൂടി കണ്ട് ചർച്ച നടത്തുമെന്നും ബസുടമ സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വകാര്യ ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലുള്ള നിർദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇല്ലെന്നാണ് ബസുടമകളുടെ ആരോപണം. എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.മിനിമം ചാർജ് 15 രൂപയാക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവയ്ക്കുന്നത്.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് മേഖലയിൽ പ്രതിഷേധം ശക്തമായത്. സ്വകാര്യ ബസ് മേഖല നേരിടുന്ന നഷ്ടത്തിന് പരിഹാരം കാണുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നഷ്ടം നികത്താൻ പര്യാപ്തമായ നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ബസുടമകളുടെ നിലപാട്.